ആഘോഷങ്ങളിലേർപ്പെടും മുമ്പ് ..| Mother love

tonnalukal



ടൂർ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നവർ, പുതിയ ഡ്രസ്സുകളിൽ കൂട്ടുകാരെ തേടിപ്പോകുന്നവർ, സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നവർ, ഒഴിവു വേള ആസ്വദിക്കുന്ന ജീവനക്കാരൻ.. എന്നിവരിൽ ഒരാളായിരിക്കും ഇത് വായിക്കുന്ന നിങ്ങൾ.

ബലിപെരുന്നാൾ ത്യാഗത്തിന്റെ ഒരു പിടി മഹാ സ്മരണകൾ സമ്മാനിക്കുന്ന വേളയിൽ എനിക്ക് പെരുന്നാളാഘോഷം നേരാനുള്ളത്  മുഴുസമയം അടുക്കളയിൽ നിന്നു വേവുന്ന, നീറുന്ന, കരിയും പുകയും സഹിച്ച് പെടാപാട് പെടുന്ന ഉമ്മമാർക്കാണ്.
പുത്തൻ ഡ്രസ്സിട്ട് അടിച്ചു പൊളിക്കുമ്പോൾ നരച്ചു തുടങ്ങിയ പഴയ മാക്സിയുമിട്ട് കഷ്ടപ്പെടുന്ന ഒരാളെ ഓർക്കേണ്ടേ നമുക്ക്. ഒഴിവു സമയം കിട്ടാതെ നെട്ടോട്ടമോടുന്ന ഉമ്മമാർക്ക് ജോലി ഭാരം കുറക്കാൻ ശ്രമിക്കാതെ എക്സ്ട്രാ പണികൾ കൂടി നൽകുന്നവരാണ് നമ്മിൽ പലരും. തീൻമേശയിൽ വിഭവങ്ങൾ വൈകിയാൽ കടിച്ചുകീറുന്ന ഭർത്താക്കന്മാരെയും മക്കളെയും പേടിയാണവർക്ക്. വീട്ടിലുള്ള മക്കളും മരുമക്കളും സഹായിക്കാനെത്തുന്നത് അവരുടെ ഇടവേളകൾ നോക്കിയാണ്. കെട്ടിച്ചു വിട്ട മക്കൾ വിരുന്നെത്തുമ്പോൾ അടക്കള ജോലിക്കു പുറമേ അവരുടെ മക്കളെകൂടി നോക്കേണ്ടി വരുന്ന ഉമ്മമാർ പക്ഷേ, സഹനത്തിന്റെ എത്രമാത്രം വലിയ മാതൃകകളാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അടുക്കളപ്പണി കഴിഞ്ഞാൽ കുന്നുകൂടിക്കിടക്കുന്ന ഡ്രസ്സ് മുഴുവൻ അലക്കിക്കഴിയുമ്പോഴേക്കും നിങ്ങൾ വിശ്രമമൊക്കെ കഴിഞ്ഞ് വൈുന്നേര ചായക്ക് ധൃതി കാണിച്ച് തുടങ്ങിയിട്ടുണ്ടാകും. അതു കൊണ്ട്,

സദാ സമയം നമുക്ക് വേണ്ടി ശമ്പളം പറ്റാതെ രാപകലില്ലാതെ അധ്വാനിക്കുന്ന,
നമ്മുടെ വേദനകളിൽ കണ്ണീരൊഴുക്കുന്ന,
ഉയർച്ചകളിൽ അതിരറ്റ് സന്തോഷിക്കുന്ന,
സദാനമുക്ക് വേണ്ടി പ്രാർത്ഥിക്കുന്ന... ഉമ്മമാർക്കാണെന്റെ എല്ലാ പെരുന്നാളാശംസകളും. ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കണേ നാഥാ. - ആമീൻ

ചെറിയ കുറവുകളിൽ ദേഷ്യപ്പെടാതെ,
രൂക്ഷമായ നോട്ടം കൊണ്ട് ഉരുക്കിത്തീർക്കാതെ,
കുത്തുവാക്കുകളിൽ മുറിപ്പെടുത്താതെ,
ആഘോഷങ്ങളിൽ മാറ്റി നിർത്താതെ,...

ചേർത്തു പിടിച്ചൂടെ എപ്പഴും നമ്മടെ ഉമ്മമാരെ നമുക്കൊപ്പം.

Post a Comment

Previous Post Next Post

News

Breaking Posts