ഉവൈസുൽ ഖറനി (റ) | Uwaisul qarani

tonnalukal,ഉവൈസുൽ ഖറനി,ഇസ്ലാമിക ചരിത്രം,uvaisul qarani,uwaisul qarani,



യമനിലെ ഖറൻ പ്രദേശത്ത് മുത്തു നബിയുടെ ഹിജ്റ കാലത്താണ് ഉവൈസുബ്നു ആമിറുൽ ഖറനി ജനിക്കുന്നത്. മുത്തു നബി സ്വഹാബത്തിനോട് മഹാനവർകളെ പരിചയപ്പെടുത്തും വരെ ആർക്കും ഉവൈസുൽ ഖറനിയെയോ അവിടുത്തെ ശ്രേഷ്ടതയോ അറിയുമായിരുന്നില്ല. ഉമർ (റ) പറയുന്നു. മുത്തുനബി (സ്വാ) ഒരിക്കൽ പറയുകയുണ്ടായി. നിങ്ങൾക്കരികിൽ യമനിൽ നിന്നും ഉവൈസുബ്നു ആമിർ വരും. ഉമ്മയെ പരിചരിച്ച് കഴിഞ്ഞുകൂടുന്ന അദ്ദേഹത്തെ കണ്ടുമുട്ടിയാൽ പൊറുക്കലിന് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടോളൂ.
ആളെ തിരിച്ചറിയാൻ മുത്തു നബി ഒരടയാളവും പറഞ്ഞു കൊടുത്തു. വെള്ളപ്പാണ്ടിന്റെ അസുഖം ഒരു കാലത്ത് അദ്ദേഹത്തിന്നുണ്ടായിരുന്നു. എല്ലാം സുഖപ്പെട്ടെങ്കിലും ഒരു ദിർഹമിന്റെ വലിപ്പത്തിൽ വെള്ളപ്പാണ്ടിന്റെ അടയാളമിപ്പോഴുമുണ്ട്.
മുത്തു നബിയുടെ കാലത്തേ ഉണ്ടെങ്കിലും നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ സ്വഹാബി എന്ന വിശേഷണം ലഭിച്ചില്ലെങ്കിലും അത്യുന്നത പദവിയാണ് താബിഈങ്ങളിൽ മഹാനവർകൾക്കുള്ളത്. അഗാഥമായ പ്രണയമായിരുന്നു മുത്തു നബിയോട്. ഒരു നോക്ക് കാണാൻ ഒരുപാട് ആശിച്ചെങ്കിലും തന്റെ ഉമ്മയെ തനിച്ചാക്കിപ്പോകാൻ മനസ്സനുവദിച്ചില്ല. ഉമ്മയെ പരിചരിച്ചും ശുശ്രൂഷിച്ചും കഴിഞ്ഞു കൂടി. ആ ഒരൊറ്റ കാരണമാണ് മഹാനവർകളെ ഉന്നതനാക്കിയതും.
ഇബാദത്തിൽ വലിയ കണിശത പുലർത്തിയിരുന്നു മഹാനവർകൾ. തന്റെ സമയങ്ങളെല്ലാം അല്ലാഹുവിന് വേണ്ടി ചെലവഴിച്ചു. അബൂ നഈം എന്നവർ പറയുന്നു. വൈകുന്നേരമാകുമ്പോൾ ഉവൈസുൽ ഖറനി പറയും. ഇത് എനിക്ക് റുകൂഅ ചെയ്യാനുള്ള രാത്രിയാണ്. അന്നു മുഴുവൻ റുകൂഇലായി കഴിഞ്ഞുകൂടും. അടുത്ത വൈകുന്നേര സമയത്ത് പറയും, ഇതെനിക്ക് സുജൂദ് ചെയ്യാനുള്ള രാത്രിയാണെന്ന്. ആ രാത്രി സുജൂദിലായും മഹാനവർകൾ കഴിഞ്ഞു കൂടുമായിരുന്നു.

ദരിദ്രനായിരുന്നിട്ടു പോലും ചില്ലിക്കാശ് മഹാനവർകൾ സ്വരൂപിച്ച് വെക്കുമായിരുന്നില്ല. തന്റെടുക്കലുള്ളത് രാത്രിയാകും മുമ്പേ ആർക്കെങ്കിലും സ്വദഖ ചെയ്തിട്ടുണ്ടാകും. മുത്തു നബിയുടെ അതേ ചര്യ!. തന്റടുക്കൽ എന്തെങ്കിലും ഭക്ഷണ സാധനം അവശേഷിക്കുകയും ആ ദിവസം ഏതെങ്കിലും ഒരാൾ പട്ടിണി കാരണമായി മരണപ്പെടുകയോ ചെയ്താൽ താൻ കുറ്റക്കാരനാകുകയും അല്ലാഹു ശിക്ഷിക്കുകയും ചെയ്യുമെന്ന് ഉവൈസുൽ ഖറനി ഭയപ്പെട്ടിരുന്നു. വസ്ത്രത്തിന്റെ കാര്യത്തിലും ഇതേ സമീപനമായിരുന്നു അവർക്ക്.
മുത്തുനബി നിർദേശിച്ച പ്രകാരം ഉമർ(റ)വും അലി(റ)വും ഉവൈസുൽ ഖറനിയെ കണ്ടുമുട്ടുകയുണ്ടായി. പിരിയാൻ സമയം ഉമർ (റ) മക്കയിലേക്ക് ക്ഷണിച്ചു കൊണ്ടു പറഞ്ഞു. എനിക്കുള്ള ഭക്ഷണവും വസ്ത്രവും ഞാൻ നിങ്ങൾക്കു തരാം. ഉടൻ ഉവൈസുൻ ഖറനി (റ) പറഞ്ഞു. നിങ്ങൾ കാണുന്ന ഈ ദ്രവിച്ച വസ്ത്രമേ എനിക്കുള്ളൂ. എനിക്കു കിട്ടിയ നാലു ദിർഹം പോലും സ്വന്തം കാര്യങ്ങൾക്കായി ചെലവഴിച്ചിട്ടില്ല. കേട്ടയുടൻ ഉമർ (റ) കരയാൻ തുടങ്ങി. മടങ്ങുമ്പോൾ മക്കയിലെത്തുംവരെ ഉമർ(റ) കരയുകയായിരുന്നെന്ന് ചരിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.
ഉവൈസുൽ ഖറനി(റ)ന്റെ മുത്തുനബിയോടുള്ള സ്നേഹം വിവരണാതീതമാണ്. മുത്തു നബി ചിരിച്ചതറിഞ്ഞാൽ അവിടുന്നും ചിരിക്കും. കരഞ്ഞതറിഞ്ഞാൽ മഹാനവർകളും കരയും. ശഅറാനി ഇമാം രേഖപ്പെടുത്തുന്നത് കാണാം. മുത്തു നബിയുടെ മുൻപല്ല് പൊട്ടിയതറിഞ്ഞ് കല്ല് കൊണ്ട് തന്റെ പല്ലും കുത്തിപ്പൊട്ടിച്ചു. മുത്തുനബിക്കെന്തെങ്കിലും മുറിവ് പറ്റിയാൽ അതെന്റെ ശരീരത്തിലും ഉണ്ടാകണമെന്ന് ഉവൈസുൽ ഖറനി (റ) പറഞ്ഞിരുന്നു.
ആരുമാരും അറിയാതെ ഒറ്റപ്പെട്ട ജീവിതം നയിക്കാനായിരുന്നു മഹാനവർകൾ ആഗ്രഹിച്ചിരുന്നത്.  ആദർ ബീജാൻ യുദ്ധം കഴിഞ്ഞ് വരുന്ന വഴി രോഗബാധിതനാകുകയും ആ രോഗം കാരണം വഫാതാകുകയുമായിരുന്നു.(സ്വിഫീൻ യുദ്ധത്തിലാണെന്നും അഭിപ്രായമുണ്ട്) .

 മഹാനവർകളുടെ കറാമത് നോക്കൂ. ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിൽ തന്നെ കഫൻ ചെയ്യാനുള്ള കഫൻ പുടവ ഉണ്ടായിരുന്നു. അതു വരെ ആരും തന്നെ ആ പുടവ കണ്ടിട്ടുണ്ടായിരുന്നില്ല. ജനാസ കുളിപ്പിക്കാനുള്ള വെള്ളം അവിടെ ലഭ്യമായിരുന്നു. വെള്ളം അന്വേഷിക്കേണ്ടി വന്നില്ല. ഖബർ കുഴിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ആരാണ് കുഴിച്ചതെന്നുമറിയില്ല. മറമാടി എല്ലാവരും മടങ്ങുന്ന വഴി ഒരാൾ അഭിപ്രായപ്പെട്ടു. ഖബർ തിരിച്ചറിയാൻ അടയാളമെന്തെങ്കിലും വെക്കണ്ടേ, പിന്നീട് വരുമ്പോൾ നമുക്ക് ഖബർ തിരിച്ചറിയാനാകുമല്ലോ. എന്നാൽ ഖബറിനുത്തേക്ക് മടങ്ങിച്ചെന്നപ്പോൾ  ആ ഖബർ അവിടെ കാണാൻ കഴിഞ്ഞില്ല.
പ്രസിദ്ധിയാഗ്രഹിക്കാത്ത മഹാനവർകളുടെ ആഗ്രഹം പോലെ ഖബറും അല്ലാഹു മറച്ചുവെച്ചു.




Post a Comment

Previous Post Next Post

News

Breaking Posts