മാധ്യമങ്ങളും ധര്‍മങ്ങളും | Role of Media

tonnalukal




മാധ്യമവത്കരിക്കപ്പെട്ട ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന നാമേവരും നമ്മുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഏതെങ്കിലും ഒരു മാധ്യമത്തിന്‍റെ സ്വാധീനത്തിന് അടിമപ്പെട്ടവരാണ്. ലോകത്തെകുറിച്ച് നാം ആവിഷ്കരിക്കുന്ന ആശയങ്ങളും രൂപങ്ങളും ലോകത്ത് നടക്കുന്ന സംഭവവികാസങ്ങളും എന്തിന് നമ്മുടെ ഇച്ഛകള്‍ വരെ മാധ്യമങ്ങളുടെ സൃഷ്ടിയാണ്. മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ല എന്നത് പുതിയ കാലഘട്ടത്തിന്‍റെ പ്രത്യേകത ആയി വരുമ്പോഴാണ് മാര്‍ഷല്‍ മക്ഹുലിന്‍റെ വാക്കുകള്‍ പ്രസക്തമാകുന്നത്. 'സമയം നിശ്ചലമായിരിക്കുന്നു. സ്ഥലം അപ്രത്യക്ഷമായിരിക്കുന്നു. നമ്മള്‍ ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത് ഒരു ആഗോള ഗ്രാമത്തിലാണ്'.
മനുഷ്യന്‍റെ ചിന്തയേയും മൂല്യത്തെയും സംസ്കാരത്തെയും സ്വാധീനിക്കാന്‍ കഴിവുള്ള സംവിധാനങ്ങളായ മാധ്യമങ്ങളുടെ ഒരു പ്രളയം തന്നെ നമുക്കിന്ന് ദര്‍ശിക്കാനാവും. മാധ്യമങ്ങളാകുന്ന ഉറവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ കരുക്കളാക്കി ചിന്തിക്കുകയും തീരുമാനങ്ങള്‍ കൈകൊള്ളുകയും ചെയ്യുന്ന ജനതയാണിന്നുള്ളത്.
പത്രം, റേഡിയോ, ടെലിവിഷന്‍ എന്നിവയില്‍ മാത്രം ഒതുക്കി നിര്‍ത്താന്‍ കഴിയുന്നതല്ല മാധ്യമങ്ങള്‍ എന്ന വിശാലമായ വിഷയം. നാടകവും സിനിമയും ഉള്‍ക്കൊള്ളുന്ന കലാരൂപങ്ങളും മറ്റും മാധ്യമങ്ങളുടെ പരിതിയില്‍ വരുന്നവ തന്നെയാണ്. ആശയങ്ങളും അറിവും വ്യാപിപ്പിക്കുന്നതും പൊതുവായ ഒരു ചിന്താസരണി ഉരുത്തിരിയിക്കാന്‍ കെല്‍പുള്ള വിനിമയ ഉപാധികളെ നമുക്ക് മാധ്യമങ്ങള്‍ എന്നു വിശേഷിപ്പിക്കാം. മനുഷ്യമനസ്സിന്‍റെ വിമലീകരണവും ആത്മസംസ്കരണവുമാണ് മാധ്യമങ്ങളുടെ ആത്യന്തിക ലക്ഷ്യം. മനുഷ്യനെ മൃഗീയതയില്‍ നിന്നും മനുഷ്യത്വത്തിലേക്ക് നയിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം.

ജനാധിപത്യ സംവിധാനത്തിലെ നാലാം സ്തൂപമായി കണക്കാക്കപ്പെടുന്ന മാധ്യമങ്ങള്‍ പുതിയ സാഹചര്യത്തില്‍ പ്രചാരത്തിലും സ്വാധീനത്തിലും ഒരു സുവര്‍ണ കാലഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ആധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യയും മാധ്യമങ്ങളുടെ രൂപവും ഭാവവും മാറ്റി. പ്രസ്സ്കണ്ടു കെട്ടലും പത്രാധിപരെ നാടുകടത്തലും കണ്ട് പരിചയിച്ച് ഭയക്കാനില്ലാത്ത ഇക്കാലത്ത് മാധ്യമങ്ങള്‍ക്ക് അവരുടെ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ എന്താണ്?  ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ അവര്‍ക്കാവുന്നുണ്ടോ? മാധ്യമങ്ങളുടെ ധര്‍മങ്ങള്‍ എന്തൊക്കെയാണ്?  എന്നീ ചോദ്യങ്ങള്‍ പുനര്‍വായനക്ക് വിധേയമാക്കേണ്ടതാണ്.

മൂന്ന് അടിസ്ഥാന ലക്ഷ്യങ്ങളാണ് മാധ്യമങ്ങളില്‍ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത്. ഒന്ന്, വിജ്ഞാനം. രണ്ട്, വിദ്യാഭ്യാസം. മൂന്ന്, വിനോദം. ആശയപ്രചരണത്തിലും വിജ്ഞാന വ്യാപനത്തിലും വിനോദത്തിലും ആധുനിക മാധ്യമങ്ങള്‍ ഒരു വിസ്ഫോടനം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും അത്ഭുതപൂര്‍വമായ വളര്‍ച്ചയോട് കൂടി മാധ്യമങ്ങള്‍ ആധുനിക ജീവിതത്തിന്‍റെ അഭിന്ന ഘടകമായി മാറിയിരിക്കുകയാണ്.
കമ്പ്യൂട്ടറിന്‍റെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയും ആവിര്‍ഭാവത്തോട് കൂടി മാധ്യമരംഗം സമൂലപരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ മുഴുവന്‍ നമ്മുടെ വിരല്‍തുമ്പിലേക്ക് കൊണ്ട് വന്ന് ഇന്‍റര്‍നെറ്റ് അനന്തസാധ്യതകളുടെ ലോകത്തേക്കാണ് നമ്മെ നയിക്കുന്നത്. ശബ്ദം, ചിത്രം, അക്ഷരം എന്നീ രൂപങ്ങളിലെല്ലാമുള്ള ആശയവിനിമയങ്ങള്‍ ഒരു വ്യക്തിയില്‍ നിന്നോ കേന്ദ്രത്തില്‍ നിന്നോ പല വ്യക്തികളിലേക്ക് ഒരേ സമയമുള്ള ആശയവിനിമയം എന്നിങ്ങനെയുള്ള സവിശേഷതകള്‍ ഇന്‍റര്‍നെറ്റിനെ ആശയവിനിമയത്തിനുള്ള അത്ഭുതവിദ്യയാക്കി മാറ്റിയിരിക്കുകയാണ്. ഈ രീതിയില്‍ മാധ്യമങ്ങള്‍ വികാസത്തിലും, പരിണാമത്തിലും സാധ്യതകളിലും സുവര്‍ണ കാലഘടത്തിലൂടെ കടന്നുപോകുകയാണ്.
ഏതു തുറയിലുള്ള വ്യക്തിയും,  സംഘടനയും പാലിച്ചിരിക്കേണ്ട ചില സദാചാര മൂല്യങ്ങളുണ്ട്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായിരിക്കണം എന്നതാണ് പത്രപ്രവര്‍ത്തനത്തിലെ പ്രഥമ ധാര്‍മികത. പക്ഷെ, ഭൂമിയെയും അതിലെ സകല ജീവജാലങ്ങളെയും സര്‍വനാശത്തിലേക്ക് വലിച്ചിഴക്കുന്ന പരിസ്ഥതി മലിനീകരണം പോലെ മാധ്യമങ്ങള്‍ സംസ്കരാത്തെയൊക്കെ മലിനീകരിക്കുന്ന ദുര്‍ഗന്ധം പ്രസരിപ്പിക്കുന്നു എന്നുള്ളത് ദുഖസത്യം തന്നെയാണ്.

അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും വ്യാഖ്യാനങ്ങളും നിരത്തി വായനക്കാരന് ശരിയേത്, തെറ്റേത് എന്നു തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നത് ധാര്‍മികയുള്ള മാധ്യമങ്ങള്‍ക്ക് ചേര്‍ന്നതല്ല. മാധ്യമങ്ങള്‍ക്ക് അതിരില്ലാത്ത സ്വാതന്ത്ര്യം നല്‍കാന്‍ സമൂഹം തയ്യാറാണ്. അതോടൊപ്പം സമൂഹത്തിന്‍റെ നന്മയെകൂടി കരുതി സ്വാതന്ത്ര്യത്തിന് അതിരുകള്‍ നിര്‍ണയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. വിമര്‍ശിക്കുമ്പോഴും ഏറ്റുമുട്ടലിന്‍റെ പാതയല്ല, സമന്വയത്തിന്‍റെ പാതയാണ് മാധ്യമങ്ങള്‍ക്ക് അഭികാമ്യം. വിശ്വാസ്യതയാണ് മാധ്യമങ്ങളുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. വിശ്വാസ്യത കുറയുമ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്‍റെ പ്രസക്തി നഷ്ടപ്പെടുന്നു.
നക്ഷ്പക്ഷതയുടെ മുഖം മൂടിയണിഞ്ഞ് സ്വന്തം താലപര്യങ്ങള്‍ വെളിപ്പെടുത്താതെ ഏതും തങ്ങള്‍ക്ക് സ്വീകാര്യമായി എത്തിക്കുന്ന സാഹചര്യമിവിടെയുണ്ട്. അഭിമുഖങ്ങള്‍ പോലീസ് സമാനമായ ഒരു ചോദ്യംചയ്യലായി മാറുന്നു. ജനങ്ങളെ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്തകളുമായി പ്രചാരം വര്‍ധിപ്പിക്കുന്നതിലൂടെ ഉണ്ടാക്കുന്ന ആധിപത്യമാണ് മാധ്യമ ജനാധിപത്യം.
നാലാം തൂണെന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ ഇന്ന് വാണിജ്യ സ്ഥാപനങ്ങളായ മാധ്യമ സ്ഥാപനങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ രഹസ്യ അജണ്ടകള്‍ നിക്ഷ്പക്ഷതയുടെ മുഖംമൂടിയണിഞ്ഞ് വായനക്കാരന്‍ പോലും അറിയാതെ അവനിലേക്ക് അടിച്ചേല്‍പിക്കുകയും ചെയ്യുന്നു. ഇവിടെ അറിയാനുള്ള വായനക്കാരന്‍റെ അവകാശവും അറിയിക്കാനുള്ള മാധ്യമങ്ങളുടെ ദൗത്യവും വിസ്മരിക്കപ്പെടുന്നു.
ഓള്‍ ഇന്ത്യാ ന്യൂസ് പേപ്പര്‍ എഡിറ്റേഴ് കോണ്‍ഫറന്‍സ് പൊതു പെരുമാറ്റ ചട്ടത്തിന്‍റെ കരടുരൂപം തയ്യാറാക്കുകയും ഇതടിസ്ഥാനത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യാ ഒരു പെരുമാറ്റചടത്തിന് രൂപം നല്‍കിയെങ്കിലും ക
ടലാസില്‍ മാത്രം ഒതുങ്ങുകയാണുണ്ടായത്. ശരിയായ വിവരങ്ങള്‍, വസ്തുനിഷ്ഠ, സമഗ്രത, പൊതുജന സ്വീകാര്യവും പങ്കാളിത്തവും, മനുഷ്യ സ്വകാര്യതയോടുള്ള ബഹുമാനം, മൂല്യങ്ങളോടും സാംസ്കാരിക വൈവിധ്യങ്ങളോടുമുള്ള ബഹുമാനം, തിന്മകളുടെ നിഷ്കാസനം തുടങ്ങിയ ധാര്‍മിക തത്വങ്ങളെ മറുകെ പിടിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകേണ്ടതുണ്ട്. ഇവിടെയാണ് മാധ്യമങ്ങളുടെ ധാര്‍മികയും സാമൂഹ്യ ഉത്തരവാദിത്വവും വിശകല വിധേയമാക്കേണ്ടത് അനിവാര്യമായി വരുന്നത്. ഇവിടെ മനുഷ്യനോടും സമൂഹത്തോടും സംസ്കാരത്തോടും ഒപ്പം നില്‍ക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്.
 

Post a Comment

Previous Post Next Post

News

Breaking Posts