പുണ്യ റബീഇന് സ്വാഗതം; സ്നേഹിക്കാം നമുക്ക് മുത്തു നബിയെ.!!

tonnalukal



...الصلاة والسلام عليك يا رسول الله
...الصلاة والسلام عليك يا حبيب الله

റബീഉൽ അവ്വൽ, എന്നു കേൾക്കുമ്പോൾ തന്നെ വിശ്വാസികളുടെ മനസ്സിലൊക്കെ ഒരു കുളിര് അനുഭവപ്പെടും. അതങ്ങനെയാണ്, മനസ്സകങ്ങളിൽ മുത്തു നബിയെ കൊണ്ടു നടക്കാത്തവരില്ല. വിശ്വാസം പൂർത്തിയാകണമെങ്കിൽ അതനിവാര്യവുമാണല്ലോ. എല്ലാവരുടെ അകങ്ങളിലും മുത്തു നബിയോടുള്ള സ്നേഹം ഒരു വിത്തായി കിടക്കുന്നുണ്ട്. പുറത്ത് എത്ര സ്നേഹം കാണിക്കാത്തവനാണെങ്കിലും ആറ്റലോരുടെ പേരു കേൾക്കുമ്പോൾ അറിയാതെ അധരങ്ങളിൽ സ്വലാത്ത് ഒഴുകി വരുന്നത് ഈ സേനഹത്തിന്റെ ചെറിയൊരംശം അന്തർലീനമായി കിടക്കുന്നത് കൊണ്ടാണ്.
പാപപങ്കിലമായ മനസ്സോ, സാഹചര്യമോ ഈ സേനഹ നാളത്തെ പുറത്തുചാടാൻ അനുവദിക്കുന്നില്ല എന്നതാണ് നമുക്കു പലർക്കും മുത്തു നബിയൊടുള്ള സ്നേഹത്തിനു വിലങ്ങായി നിൽക്കുന്നത്. വെള്ളമൊഴിച്ച് നനച്ചു കഴിഞ്ഞാൽ നന്നായി വളർന്ന് പന്തലിക്കും. വിള നശിപ്പിക്കുന്ന പ്രാണികളും പുഴുക്കളും നമ്മുടെ പാപങ്ങളായി സഹവാസമൊരുക്കുമ്പോൾ സ്നേഹത്തിന്റെ വളർച്ചയെ വെറുതായൊന്നുമല്ല ബാധിക്കുന്നത്.
മുത്തു നബിയുടെ ജന്മദിനം കൊണ്ടനുഗ്രനീഹതമായ പുണ്യ റബീഅ സമാഗതമാവുമ്പോൾ സ്വന്തം ജീവനേക്കാളേറെ സ്നേഹിക്കുന്ന വിശ്വാസി ഹൃത്തടങ്ങളിൽ സന്തോഷം കളിയാടാതിരിക്കുന്നതെങ്ങിനെ?
റബീഉൽ അവ്വലിൽ മാത്രം മുത്തു നബിയെ സ്നേഹിക്കുകയും മുത്തു നബിയുടെ ജന്മദിനം ഭക്ഷണം കഴിക്കാനുള്ള ആഘോഷവേളയാക്കുകയും ചെയ്യുന്നവരാണ് സുന്നികളെന്ന് പരിഹസിക്കുന്നവരോട് പോയി തുലയാൻ പറ. ഇത് സ്നേഹത്തിന്റെ ലോകമാണ്. സുപ്രധാന സൽകർമ്മമായ തല മറക്കൽ പോലും ഒഴിവാക്കി എന്തു സ്നേഹമാണ് ഇവർക്കൊക്കെ മുത്തു നബിയോട്?. ആരോപണങ്ങൾക്കുള്ള തെളിവുകൾ നമുക്ക് പിന്നീട് പറയാം. അന്ധമായി മുത്തു നബിയെ സ്നേഹിക്കാൻ തയ്യാറുള്ളവർ മാത്രം വായിച്ചാൽ മതി ഈ കുറിപ്പ്. ആറ്റലോരുടെ സുവിശേഷങ്ങൾ അറിയാത്തവരുണ്ടാവില്ല, ഉണ്ടാകാൻ പാടുമില്ല. അവിടുത്തെ വർണിക്കുന്ന പുസ്തകങ്ങളും പ്രസംഗങ്ങളും എഴുത്തുകളും കൊണ്ട് സമ്പന്നമായിരിക്കും നമ്മുടെ ശെൽഫുകളൊക്കെ.
യുക്തിയും ബൗദ്ധിക ചിന്തകളും പേറി നടക്കുന്നവർക്കൊക്കെ ഒന്ന് ചിന്തിച്ചു കൂടെ. യാതൊരു വിധ തെളിവുകളും സനദുകളും ഇല്ലാതെ അവരുടെ വേണ്ടപ്പെട്ടവരുടെ ജന്മദിനങ്ങൾ ആഘോഷിക്കുന്നതിനെ കുറിച്ച്. അതിരറ്റ് സ്നേഹിക്കുന്നവരുടെ പേരിൽ പണിതുയർത്തുന്ന, നൽകുന്ന, ചെയ്യുന്ന കർമ്മങ്ങളെ കുറിച്ചെങ്കിലും. പരലോക ജീവിതവിജയത്തിന്റെ നിദാനമാണ് മുത്തു നബിയോടുള്ള സ്നേഹം. മുത്തു നബിയെ സ്നേഹിക്കാതെ അല്ലാഹുവിനെ മാത്രം ആരാധിച്ച് ജീവിച്ച് സ്വർഗാനുഗ്രഹങ്ങളിൽ ഉല്ലസിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. കിട്ടൂലാ, തീർച്ച. ജീവിതകാലം മുഴുവൻ ജീവിച്ചാലും അല്ലാഹു നൽകിയതിന് പ്രത്യുപകാരമായി ഒന്നും തന്നെയാക്കുന്നില്ല. അല്ലാഹുവിന്റെ ഔദാര്യം പ്രതീക്ഷിച്ചെങ്കിലേ രക്ഷയുണ്ടാകൂ. ഓർക്കുക, മുത്തു നബിയില്ലെങ്കിൽ നാമാരും തന്നെ ഇവിടെയുണ്ടാകുമായിരുന്നില്ല.

الصلاة والسلام عليك يا رسول الله...
الصلاة والسلام عليك يا حبيب الله...

രാഷട്രീയ നേതാവിനെ, ഭരണാധികാരിയെ നേരിട്ട് സമീപിക്കാൻ ഒരു സാധാരണക്കാരനു കഴിയില്ല. പല കടമ്പകളും നേരിടേണ്ടി വരും. പ്രൈവറ്റ് സെക്രട്ടറിയെ കണ്ട് അപ്പോയിന്റ്മെന്റ് വാങ്ങി, കുറേ നേരം കാത്തിരിക്കേണ്ടി വരും. പല കാര്യങ്ങളും ചെയ്ത് ഇംപ്രസ് ചെയ്യാനായാൽ കാര്യങ്ങൾ എളുപ്പമാകും. പാർട്ടിക്കുവേണ്ടി അഹോരാത്രം പരിശമിക്കുകയും ഇഷ്ടങ്ങൾ സാധിപ്പിക്കുകയും ഇംപ്രസ് ചെയ്യിക്കാനുള്ള വിവിധ മാർഗങ്ങളാണ്.
മുത്തു നബി പരലോകജീവിത വിജയത്തിനുള്ള മാർഗമാണ്. അവിടത്തെ സ്നേഹിക്കുകയും മദ്ഹ് പറയലും തിരുസുന്നത്തുകൾ മുറുകെ പിടിച്ച്, വിരോധനകൾ അപ്പാടെ വെടിഞ്ഞ് ജീവിച്ചാൽ മാത്തു നബിയുടെ സാമീപ്യം കരസ്ഥമാക്കാൻ സാധിക്കും. മുൻ കഴിഞ്ഞ മഹാന്മാരുടെ ചരിതങ്ങൾ നമുക്ക് പറഞ്ഞ് തരുന്നത് ഇശ്ഖിന്റെ വലിയ ലോകമാണ്. ഇൻഷാ അല്ലാഹ്... ആശിഖീങ്ങളുടെ ലോകം എന്ന പേരിൽ കുറച്ച് കുറിപ്പുകൾ എഴുതാൻ ആഗ്രഹിക്കുന്നുണ്ട്. അല്ലാഹുവിന്റെ മഹത്തായ തൗഫീഖ് ഉണ്ടായാൽ ഇവിടെ മുൻ കഴിഞ്ഞ മഹാന്മാരുടെ സ്നേഹ പ്രപഞ്ചം പങ്കുവെക്കാം. നമ്മളും അവരും നിൽക്കുന്ന അകലവും വിദൂരവും അപ്പോൾ ബോധ്യമാകും. മുത്തു നബിയേ, ഞങ്ങളെ സ്വീകരിക്കേണമേ...
കളവും ഗീബത്തും പറഞ്ഞ നാവും, അനാവശ്യ അശ്ലീലങ്ങൾ കണ്ട കണ്ണുകളും, തെറ്റുകൾ മാത്രം കേട്ട ചെവികളും, ഹറാമിലേക്കു നടന്ന നമ്മുടെ കാലുകളും, തെറ്റുകൾ ചെയതു തഴമ്പിച്ച കൈകളും, മലീമസമായ കറുത്തിരുണ്ട ഹൃദയവും മാത്രം സ്വന്തമായുളള നമ്മൾ വിജയികളാണെന്ന ചിന്ത ഇനിയും നമ്മളിലുണ്ടെങ്കിൽ വളരെയധികം അധപതിച്ചു പോയെന്നു നാമോർക്കുക. 
പല കർമ്മങ്ങളും ചെയ്തു സായൂജ്യരായെന്ന ചിന്തക്കു പകരം സ്വീകരിക്കാൻ ആ കർമ്മങ്ങളിൽ എത്ര ആത്മാർത്ഥതയും ശരിയുമുണ്ടെന്നു ചിന്തിക്കുക. ഇതു നമ്മെ വിലയിരുത്താനുള്ള സമയമാണ്. കറാഹത്തുകൾപോയിട്ട് അനാവശ്യമായ ഒരു ചിന്ത പോലും മനസ്സിലുദിക്കാത്ത മഹാന്മാർ പ്രവേശിക്കുന്ന സ്വർഗം സ്വപനം കാണാൻ എന്തർ ഹതയാണുള്ളത്?
അവരൊക്കെ മുത്തു നബിയെ സ്നേഹിച്ച രീതികൾ ആലോചിക്കുമ്പോൾ മുത്തു നബിയെ കാണാത്തതിൽ പരിഭവപ്പെടുന്ന മനസ്സേ,.. നിന്റെ വിചാരങ്ങൾ കപടമാണ്. ഇറ്റിയ കണ്ണീരുകൾ അത് യഥാർത്ഥമല്ല. സ്വിദ്ഖ് നിറഞ്ഞ കണ്ണുനീരും സ്നേഹവും ഉണ്ടെങ്കിൽ നിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ നേർ വിപരീതമാകുമായിരുന്നു. നിസ്ക്കാരവും നോമ്പും സൽകർമ്മങ്ങളുമെല്ലാം നിന്നെ സംസ്കരിച്ചെടുക്കുമായിരുന്നു. തെറ്റുകളോട് നിനക്ക് വെറുപ്പ് തോന്നുമായിരുന്നു. സുന്നത്തുകൾ ചെയ്യാൻ നിന്നെ പ്രേരിപ്പിക്കുമായിരുന്നു. ഖേദമുള്ള തൗബയും മിടിക്കുന്ന ഹൃദയവും ഉണ്ടാകുമായിരുന്നു. ബുർദ, മൗലിദ്, തിരുനബി പ്രഭാഷണ സദസ്സുകൾ നിന്റെ ഇഷ്ട ഇടങ്ങളാകുമായിരുന്നു. പറയാനറിയുന്നവൻ പറയണം നബിയെ കുറിച്ച്. പാടാനറിയുന്നവർ മദ്ഹുകൾ പാടിത്തീർക്കണം. എഴുതാനറിയുന്നവർ എഴുതണം. കാശുള്ളവൻ മുത്തു നബിയുടെ പേരിൽ ചെലവഴിക്കണം. ഒഴിവുവേളകൾ സ്വലാത്തുകൾ കൊണ്ട് ധന്യമാക്കണം. ആരെയും ബോധിപ്പിക്കാനോ കാണിക്കാനോ മറച്ചുവെക്കാനോ ആകരുത് ഒരു പ്രവർത്തനവും. ആത്മാർത്ഥമായ പ്രവർത്തനങ്ങൾ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാൻ കാരണമാകും.
യുക്തിയിൽ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങളും പേറി നടക്കുന്നത് കൊണ്ടോ ബിദ്അത്തുകാരെ ക്ഷണിക്കാഞ്ഞിട്ടോ എന്തോന്നറിയില്ല, തീറ്റ സദകളായാണ് മൗലിദ് സദസ്സുകളെ പരിഹസിക്കാറുള്ളത്. സൽക്കാരമോ, കല്യാണത്തിനോ വേണ്ടി ധൂർത്തടിക്കുന്ന ഇവന്മാർ മുത്തു നബിയുടെ പേരിലുള്ള സദസ്സൊരുക്കാനും കാശ് ചെലവാക്കാനും തയ്യാറെ അല്ല. മറ്റൊരാൾക്ക് ഭക്ഷണം കൊടുക്കുന്നത് എല്ലാകാലത്തും പുണ്യകർമമായാണ് ഇസ്‌ലാം പഠിപ്പിച്ചിട്ടുള്ളത്. എല്ലാ കാലത്തും സ്നേഹമുണ്ടെടോ... വിശ്വാസികൾ നെഞ്ചേറ്റുന്ന നേതാവിന്റെ ജന്മദിനം വരുമ്പോൾ സ്വാഭാവികമായും ആ സ്നേഹത്തിന് മാറ്റുകൂടും.
ഹിജ്റ മുന്നൂറിനു മുമ്പും മൗലിദിന് തെളിവുകളുണ്ട്. അന്ന് ശർറഫൽ അനാമും, മൻഖൂസ് മൗലിദും ഓതിയത് തെരഞ്ഞാൽ കാണില്ല. മുത്തുനബിയുടെ ഭാര്യ ഉമ്മുസലമ ബീവി വളർത്തി വലുതാക്കിയ ഹസനുൽ ബസ്വരി പഞ്ഞില്ലേ, "ഉഹ്ദ് മലയോളം സ്വർണത്തിന്റെ സമ്പാദ്യമെനിക്കുണ്ടായിരുന്നെങ്കിൽ അത് മുഴുവൻ മുത്ത് നബിക്ക് വേണ്ടി മൗലിദ് ചെല്ലാൻ ഞാൻ ചെലവഴിക്കുമായിരുന്നു" എന്ന്. ഹിജ്റ 86 ൽ വഫാതായ അബദുൽ മലിക് ബ്നു മർവാൻ ഭരിച്ചിരുന്ന കാലത്ത് ഒരാളുടെ കുതിരക്ക് മദമിളകി. കുറേ നാശങ്ങളുണ്ടായി. രാജാവ് കുപിതനായി. അദ്ദേഹത്തെ ഹാജരാക്കാൻ ഉത്തരവിട്ടു. പോകുമ്പോൾ അയാൾ നേർച്ചയാക്കി. "അല്ലാഹുവേ, ഈ പ്രശ്നത്തിൽ നിന്നും ഞാൻ രക്ഷപ്പെട്ടാൽ വലിയൊരു മുത്തു നബി പ്രകീർത്തന സദസ്സൊരുക്കും." അതുവരെയും കലി തുള്ളിയ രാജാവിന്റെ ദേഷ്യം എങ്ങോ പോയി മറഞ്ഞു. സിഹ്റ് ചെയ്യാനറിയോന്ന് ആ ചെറുപ്പക്കാരനോട് ചോദിച്ചപ്പോൾ ഈ രഹസ്യം വെളിപ്പെടുത്തി. കണ്ടോ, മദ്ഹിന്റെ പുണ്യമാണിത്.
 സ്നേഹത്തിന്റെ ഭാഷക്കിടയിൽ ഇവരെ പരാമർശിക്കുന്നത് അരോചകമാണെന്നു തോന്നി അവസാനിപ്പിക്കട്ടെ, നമ്മുടെ സമയം ഇനി അവർക്കു വേണ്ടി കളയേണ്ടതില്ല.
ഗ്രൂപ്പിസത്തിന്റെ പേരിലുള്ള ചർച്ചകളിൽ ആശിഖീങ്ങളാകാൻ കൊതിക്കുന്നവർ ചെന്നുപെടാതിരിക്കുക. പണ്ഡിതന്മാരെന്നോ, തങ്ങന്മാരെന്നോ മുഖവിലക്കെടുക്കാതെ മാംസം കടിച്ചുകീറുന്ന സദസ്സുകളാണതൊക്കെയും.

പ്രിയരേ, സമയങ്ങൾ മുത്തു നബിയെ ഓർത്തോണ്ടിരിക്കാൻ ചെലവഴിക്കാം. അവിടുത്തോടുള്ള മദ്ഹിലായി കഴിഞ്ഞുകൂടുമ്പോൾ നമ്മുടെ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാകുമെന്ന് ബൂസൂരി ഇമാം പറഞ്ഞതാണ്. കറകളഞ്ഞ മനസ്സ് ആദ്യം നേടിയെടുക്കണം. എന്നിട്ടേ ആ പവിഴത്തെ കാണാൻ കൊതിക്കാവൂ. മലീമസമായ മനസ്സിലെങ്ങനാ ആ പൂമുത്ത് വന്നണയുക. ചെളിക്കുണ്ടിൽ ആ നേതാവിനെ ഇരുത്താൻ മനസ്സനുവദിക്കുമോ?
സദാസമയവും സമുദായത്തെ ഓർത്തിരുന്ന മറ്റൊരു നേതാവിനെ കാണാനാകുമോ? അനുചരരൊക്കെ വിശന്ന് ഒരു കല്ലു വീതം വെച്ച് കെട്ടിവെച്ചപ്പോൾ രണ്ടു കല്ലുവെച്ചുകെട്ടിയില്ലേ നമ്മുടെ നേതാവ്!. വഫാതിന്റെ സമയത്ത് നമ്മുടെ മരണവേദനയോർത്ത് സങ്കടപ്പെട്ടില്ലെ നമ്മുടെ പുന്നാര നബി!. യാ ഹബീബല്ലാഹ്... ഞങ്ങളെ കൈ പിടിക്കണേ... കാലിടറുന്ന സമയത്ത് കൈ പിടിക്കാൻ അങ്ങുണ്ടായില്ലെങ്കിൽ ഞങ്ങളൊക്കെ പരാജയപ്പെട്ടു പോകും നബിയേ.. അങ്ങയുടെ മുഹിബ്ബാണെന്ന് പറയാൻ യാതൊരു വിധത്തിലും അർഹതയില്ലാത്ത പാപികളാണു ഞങ്ങൾ. ആരെങ്കിലും എന്തെങ്കിലും കുറ്റപ്പെടുത്തിയെന്നു കേട്ട് വാളെടുക്കാൻ തുനിയുന്ന നീയെങ്ങനെ മുത്തുനബിയുടെ ആശിഖാകും?. സുന്നത്തുകർമങ്ങളിൽ വീഴ്ച വരുത്തുന്ന നീ എങ്ങനെ അവിടുത്തെ പിൻപറ്റുന്നവനാകും?. യുക്തികൾ നോക്കി മതം പറയുന്ന നീയെങ്ങനെ ഖബറിൽ സന്തോഷമനുഭവിക്കും?.
ഓർക്കണം. നിത്യവും ചപ്പു വാരിയെറിഞ്ഞ സ്ത്രീയുടെ അസുഖം മാറാൻ പ്രാർത്ഥിച്ചവരാണ് നമ്മുടെ മുത്തു നബി. കൊല്ലാൻ വാളുമായെത്തിയ ശത്രുവിന് മാപ്പു കൊടുത്തിട്ടുണ്ട് നമ്മുടെ മുത്തു നബി. ആറ്റലോരുടെ സ്വന്തം എളാപ്പയുടെ കരൾ കടിച്ചു പറിച്ച ഹിന്ദിനെ പുഞ്ചിരിച്ച് ഇസ്ലാമിലേക്ക് ആനയിച്ചിട്ടുണ്ട് നമ്മുടെ മുത്ത് നബി. കൊല്ലാൻ വാളേന്തി വന്നവരൊക്കെയും ആ സ്നേഹത്തിനു മുമ്പിൽ കീഴടങ്ങിയവരാണ്.
വേണം, തെറ്റുകൾ ഒഴിവാക്കി സൽകർമ്മങ്ങൾ ചെയ്യണം. മുത്തു നബിയെ സ്നേഹിച്ച് സ്വർഗത്തിൽ പോകണം. കാരണം മുത്തു നബി സ്വർഗത്തിലാണുള്ളത്.

الصلاة والسلام عليك يا رسول الله...
الصلاة والسلام عليك يا حبيب الله...
പാനപാത്രം

Share your feel as comment

Post a Comment

Previous Post Next Post

News

Breaking Posts