കലാം സര്‍...ഒരായിരം നന്ദി



tonnalukal




"
വിദ്യാര്‍ത്ഥികളുമായുള്ള ആശയവിനിമയം എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടതാണ്‌"-എ.പി.ജെ അബ്ദുല്‍ കലാം.

വിയോഗവും അത്തരമൊരു സന്തോഷമുഹൂര്‍ത്തത്തിലായത്‌ എ.പി.ജെ അബ്ദുല്‍ കലാമിന്‌ ദൈവം നല്‍കിയ അനുഗ്രഹമായിരിക്കും. കുട്ടികളെയും യുവാക്കളെയും കലാം അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ്‌ ചെറിയ വിദ്യാര്‍ത്ഥികള്‍ പോലും ആ വിയോഗത്തില്‍ സങ്കടപ്പെട്ടതും മൗനം ദീക്ഷിച്ചതും. സ്വപനം കാണാന്‍ നമ്മെ പഠിപ്പിച്ച ആ മഹാ പ്രതിഭ 1931 ഒക്ടോബര്‍ 15ന്‌ രാമേശ്വരത്ത്‌ ജൈനുല്‍ ആബിദീന്‍-ആസ്യാമ്മ ദമ്പതികളുടെ മകനായാണ്‌ ജനിക്കുന്നത്‌. 2015 വരെ നീണ്ട ആ ജീവിതം കേവലം 84 വര്‍ഷത്തെ പ്രവര്‍ത്തികള്‍ മാത്രമായിരുന്നില്ല ചെയ്‌തു തീര്‍ത്തത്‌. 

ഷിലോങിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ വിദ്യാര്‍ത്ഥികള്‍ക്കാണ്‌ അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ക്ക്‌ കാതോര്‍ക്കാന്‍ ഭാഗ്യമുണ്ടായത്‌. വികസിത ഇന്ത്യയെ സ്വപനം കണ്ട ഇന്ത്യയുടെ 'മിസൈല്‍ മാന്‍' അവസാനം സംസാരിച്ചത്‌ വാസയോഗ്യമായ ഭൂമിയെ കുറിച്ചായിരുന്നു. മിസൈല്‍ സാങ്കേതിക വിദ്യയുടെ പിതാവായി അറിയപ്പെട്ട കലാം, ഇന്ത്യയുടെ രാഷ്ട്രപ്രതിയായും 2002-2007 കാലയളവില്‍ സേവനമനുഷ്‌ഠിച്ചു. നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും കരസ്ഥമാക്കിയിട്ടും തന്റെ മുഖമുദ്രയായ ലാളിത്യത്തെ അദ്ദേഹം കൈവിട്ടില്ല എന്നതാണ്‌ മറ്റുള്ളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്‌തമാക്കുന്ന പ്രധാന സവിശേഷത. 11-ാമത്‌ രാഷ്ട്രപ്രതിയായി അവിതര്‍ക്കം ചുമതലയേറ്റ്‌ പിന്നീട്‌ സേവനം അവസാനിപ്പിച്ചപ്പോള്‍ ഏവരും ഒന്നടങ്കം വിശേഷിപ്പിച്ചു, 'ഇന്ത്യ കണ്ട ജനകീയ രാഷ്ട്രപ്രതി'.
ദുരിതം നിറഞ്ഞ ബാല്യമാണ്‌ അദ്ദേഹത്തിന്റെ വിജയങ്ങള്‍ക്കെല്ലാം മുഖ്യ കാരണമായതെന്ന്‌ കലാം തന്നെ പറഞ്ഞിട്ടുണ്ട്‌. കക്ക പെറുക്കിയും പത്രം വിറ്റും ജീവിച്ചു തുടങ്ങിയ ആ ബാല ഹൃദയം പക്ഷേ, ഉയരങ്ങളാണ്‌ സ്വപനം കണ്ടുനടന്നത്‌. കടല്‍ത്തിരകളെ കീറിമുറിച്ച്‌ പോകുന്ന ബോട്ടുകള്‍ നിര്‍മിക്കുന്ന പിതാവിനെ കണ്ടുവളര്‍ന്ന ആ കുരുന്നു മനസ്സ്‌ ആകാശത്ത്‌ മേഘങ്ങളെ കീറിമുറിച്ച്‌ പറക്കുന്ന വിമാനങ്ങളുടെ പൈലറ്റാകാനാണ്‌ വെമ്പല്‍കൊണ്ടത്‌. ബെസ്റ്റ്‌സെല്ലറായ തന്റെ ആത്മകഥ 'അഗ്നിച്ചിറകുകള്‍' എന്നും എപ്പോഴും ഏവര്‍ക്കും പ്രചോദനമേകുന്ന കൃതിയാണ്‌.
ഗുജറാത്ത്‌ കലാപത്തിനു മാസങ്ങള്‍ക്കു ശേഷം തന്റെ ഡല്‍ഹിക്കു പുറത്തേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനം ഗുജറാത്തിലെ പാവങ്ങളെ കാണാനാക്കിയപ്പോള്‍ അത്ഭുതത്തോടെയും ആശ്ചര്യത്തോടെയുമാണ്‌ പലരും നോക്കിക്കണ്ടത്‌. ബാലസ്‌റ്റിക്‌ മിസൈലുകള്‍ക്കും ലോഞ്ചിങ്‌ വെഹിക്കുകള്‍ക്കും ബീജാപാവം നല്‍കിയ ആ മനസ്സിലോ ശരീരത്തിലോ അഹങ്കാരത്തിന്റെ ദാര്‍ഷ്ട്യ മുഖങ്ങള്‍ നാം അപ്പോഴൊന്നും കണ്ടില്ല.
വാക്കുകളില്‍ ഒതുക്കാന്‍ പ്രയാസമാണ്‌ നമുക്ക്‌, ഇന്ത്യക്കു നല്‍കിയ സംഭാവനകള്‍ക്കു നന്ദി പറയാന്‍. ശാസ്‌ത്ര ഗവേഷണത്തിലും വിദ്യാഭ്യാസ രംഗങ്ങളിലും എന്നും പ്രോജ്വലിച്ചു നില്‍ക്കും എ.പി.ജെ അബ്ദുല്‍ കലാമിന്റെ നിസ്‌തുലമായ സംഭാവനകള്‍. ശാസ്‌ത്രജ്ഞനായും എഴുത്തുകാരനായും പ്രാസംഗികനായും ചിന്തകനായും ജീവിതത്തിന്റെ വ്യത്യസ്‌ത മേഖലകളിലൂടെ സഞ്ചരിച്ച്‌ അറിവു പകര്‍ന്നു നല്‍കുകയായിരുന്നു ആ ധന്യജീവതത്തിന്റെ മുഴുവന്‍ സമയങ്ങളിലും. ദുരിതങ്ങള്‍ നിറഞ്ഞതാണ്‌ പലരുടെയും ജീവിതം. എന്നാല്‍ ആ ദുരിതങ്ങളില്‍ തളര്‍ന്നിരിക്കാനല്ല കലാം സര്‍ പഠിപ്പിച്ചത്‌. പകരം അതില്‍ നിന്ന്‌ പാഠമുള്‍ക്കൊണ്ട്‌ ജീവിതത്തെ വിജയത്തിലേക്കു നയിക്കാനാണ്‌.

എല്ലാത്തിനും...ഒരു സല്യൂട്ട്‌.. 

താങ്ക്യൂ സര്‍..

Post a Comment

Previous Post Next Post

News

Breaking Posts