റമളാനെ വരവേല്ക്കാം | ramadan

   
tonnalukal


         വിശ്വാസീ ഹൃത്തടങ്ങളില്‍ കുളിരു സമ്മാനിച്ച് വീണ്ടും ഒരു റമളാന്‍ കൂടി കടന്നു വരികയാണ്. പുണ്യങ്ങളുടെ പൂക്കാലമാണ് റമളാന്‍ മാസം. റമളാന്‍ സമാഗതമാകുന്നതിനു മുമ്പേ പ്രവാചകര്‍ തിരുമേനി സ്വഹാബത്തിനോട് റമളാന്‍റെ സവിശേഷതകള്‍ വിവരിച്ചു കൊടുക്കുമായിരുന്നു. മാത്രമല്ല, റജബ് മാസം കടന്നാലുടനെ റമളാനിലെത്തിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. അല്ലാഹു കാലങ്ങളെ മുഴുവന്‍ ഒരേ രൂപത്തിലാക്കാതെ ഓരോ കാലത്തെയും വ്യത്യാസപ്പെടുത്തുകയും ആ കാലങ്ങള്‍ക്കെല്ലാം ചില സവിശേഷതകളും നല്‍കിയിട്ടുണ്ട്. ചില കാലങ്ങളില്‍ മറ്റു കാലങ്ങളില്‍ ചെയ്യുന്ന ഇബാദത്തിനേക്കാള്‍ പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. റമളാന്‍ അത്തരമൊരു സവിശേഷമായ മാസമാണ്.
ഈ റമളാനില്‍ തന്നെയാണ് വലിയ മുഅ്ജിസത്തായ പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതും. നിരവധി ബറകതുകളുമായാണ് റമളാനെന്ന അതിഥിയുടെ കടന്നുവരവ്.
അതുകൊണ്ടു തന്നെ നല്ല രൂപത്തില്‍ വരവേറ്റു സ്വീകരിച്ചിരുത്തേണ്ടതും നമ്മുടെ ബാധ്യതയാണ്. റജബില്‍ തന്നെ റമളാനെ സ്വാഗതം ചെയ്ത്, റമളാനില്‍ നാം ജീവിച്ചിരിപ്പുണ്ടെങ്കില്‍ അല്ലാഹുവിനോട് നന്ദി ചെയ്യാന്‍ നാം ഏറ്റവും ബന്ധപ്പെട്ടവരായിരിക്കും. നന്ദിയുള്ളവാരാകാനും തഖ്വയുള്ളവരാകാനുമാണല്ലോ റമളാന്‍റെ ആഗതമെന്ന് ഖുര്‍ആന്‍ വിവരിച്ചത്.
റമളാനെത്തും മുമ്പേ നബി തിരുമേനി റമളാനെ കുറിച്ചു പറഞ്ഞുകൊടുക്കുന്ന കൂട്ടത്തില്‍ ലൈലതുല്‍ ഖദ്റിന്‍റെ മാസമാണിതെന്നും ലൈലതുല്‍ ഖദറിന്‍റെ ശ്രേഷ്ടതയും വിവരിച്ചു കൊടുക്കും. കൂടാതെ റമളാന്‍ ക്ഷമയുടെ മാസമാണ്. വികാര വിചാരങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് സൃഷ്ടാവിലേക്കു മടങ്ങാനുള്ള മാര്‍ഗമാണ് നോമ്പ്. അതെ, നോമ്പ് ഒരു പരിചയാണ്. ചെറിയ നന്മകള്‍ക്കു മറ്റു മാസങ്ങളില്‍ നാം ചെയ്യാറുള്ള ഫര്‍ളിന്‍റെ പ്രതിഫലം ലഭിക്കും. ഒരു ഫര്‍ളിന് എഴുപത് ഫര്‍ളിന്‍റെ പ്രതിഫലവും നോമ്പുകാലത്ത് അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു. പണക്കാരനും ദരിദ്രനും ഭേദമന്യേ തുല്യതയുടെ നീതിയുടെ മാസം കൂടിയാണ് പരിശുദ്ധ റമളാന്‍. റമളാന്‍ മാസത്തെ ഖൈറു പരിഗണിച്ച് മൂന്ന് ഭാഗങ്ങളായി വേര്‍തിരിച്ചതു കാണാം. ഒന്നാമത്തെ പത്ത് കാരുണ്യത്തിന്‍റെ പത്താണ്. കാരുണ്യം പണക്കാരനും ദരിദ്രനുമിടയിലാണ്, ശക്തനും ദുര്‍ബലനുമിടയിലാണ്, ഉടമക്കും അടിമക്കുമിടയിലാണ്. ജനങ്ങളില്‍ കരുണ ചെയ്യുന്നവനോട് നിശ്ചയം അല്ലാഹു കരുണ ചെയ്യും. രണ്ടാമത്തെ പത്ത് പാപമോചനത്തിനുള്ളതാണ്. മൂന്നാമത്തെ പത്ത് നരക മോചനത്തിനുള്ളതും.
നരകത്തിന്‍റെ വാതിലുകള്‍ കൊട്ടിയടക്കപ്പെടുകയും സ്വര്‍ഗത്തിന്‍റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്ന ദിനരാത്രങ്ങളാണ് റമളാനിലേത്.
 പ്രധാനമായും നാലുകാര്യങ്ങള്‍ നമ്മോട് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട് ഈ രാവുകളില്‍. ശഹാദതുകലിമ ചൊല്ലാനും പൊറുക്കിലിനെ തേടാനും. പിന്നെ സ്വര്‍ഗത്തെ ചോദിക്കാനും നരകത്തെ തൊട്ട് കാവല്‍ തേടാനും.
വിശ്വാസീ, റമളാന്‍ അല്ലാഹു ബഹുമാനിച്ച മാസമാണ്, അതു കൊണ്ട് നാമും ആ അതിഥിയെ ബഹുമാനിച്ചു വരവേല്‍ക്കണ്ടതുണ്ട്. നോമ്പുകാരനെ നോമ്പുതുറപ്പിക്കല്‍ റമളാനിലെ മഹത്തായ സല്‍കര്‍മ്മമാണ്. മുത്തുനബി ഓര്‍മ്മപ്പെടുത്തിയില്ലേ, നോമ്പുകാരനെ നോമ്പുതുറപ്പിച്ചാല്‍ നരക മോചനം നല്‍കി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുമെന്ന്. അപ്പോള്‍ പാവപ്പെട്ട സ്വഹാബത്ത് പരിഭവം പറഞ്ഞു. നബിയേ, ഞങ്ങള്‍ക്ക് ആരെയും നോമ്പ് തുറപ്പിക്കാനുള്ള കഴിവില്ലല്ലോ. തിരുനബി പറഞ്ഞു. ഒരിറ്റു പാലോ വെള്ളമോ, അതുമല്ലെങ്കില്‍ ഒരു കാരക്ക നല്‍കിയോ നോമ്പു തുറപ്പിച്ചാലും ഈ പ്രതിഫലം ലഭിക്കും. കൂടാതെ നോമ്പുകാരന് വെള്ളം നല്‍കിയവന് കുടിച്ചാല്‍ പിന്നെ ദാഹം തോന്നാത്ത എന്‍റെ ഹൗളുല്‍ കൗസറില്‍ നിന്ന് അല്ലാഹു അവനെ കുടിപ്പിക്കുന്നതാണ്.
പ്രവാചകന്‍റെ ഈ പ്രഖ്യാപനങ്ങള്‍ നോമ്പിന്‍റെ ശ്രേഷ്ടതയെയാണ് വെളിപ്പെടുത്തുന്നത്. ഇബാദത്തുകള്‍ വര്‍ധിപ്പിക്കാനുള്ള ആഹ്വാനമാണിതെല്ലാം. പകല്‍ നോമ്പും രാത്രി ഇബാദത്തുമായി കഴിഞ്ഞുകൂടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുകയാണ്. അല്ലാഹുവിനെ മറന്ന് ജീവിക്കുന്നവര്‍ക്കൊപ്പം കൂട്ടുകൂടി അശ്രദ്ധവാന്മാരായി സമയത്തെ കൊല്ലാതിരിക്കാനാണ്
ദോഷികളായ ആളുകള്‍്ക്ക് വലിയ ഓഫറുകളുമായാണ് റമളാന്‍ കടന്നുവരുന്നത്. ദോഷത്തില്‍ നിന്ന് വിട്ടുനിന്ന് തൗബ ചെയ്ത് അല്ലാഹുവിലേക്കു മടങ്ങാനാണ് റമളാന്‍ നല്‍കുന്ന സന്ദേശം. പാപമോചനം തേടുക, നിശ്ചയം അല്ലാഹു പൊറുക്കുന്നവനാണ്.
കാലത്തിന്‍റെ കുത്തൊഴുക്കില്‍ റമളാനിന്‍റെ പവിത്രത ഇന്നു തീര്‍ച്ചയായും നഷ്ടപ്പെട്ടിട്ടുണ്ട്. ചിലര്‍ നോമ്പുകാലത്തെ തിന്നാനും കുടിക്കാനും മാത്രമായി ഉപയോഗപ്പെടുത്തുന്നു. നിസ്ക്കാരം പോലുമില്ലാതെ പകലുകള്‍ ഉറങ്ങിത്തീര്‍ക്കുന്ന ചിലര്‍, ഉറക്കമൊഴിച്ച് കളി തമാകളിലേര്‍പ്പെട്ട് സമയം കളയുന്ന ചിലര്‍, നോമ്പുതറയുടെ പേരില്‍ നിസ്ക്കാരം കളയുന്ന സ്ത്രീകളടക്കമുള്ള മറ്റു ചിലര്‍, വരുമാനത്തിനുള്ള ബിസിനസ് മേഖലയായി റമളാനെ കാണുന്ന ചിലര്‍....മനുഷ്യന്‍റെ സ്വഭാവം വ്യത്യാസപ്പെട്ടതു പോലെ റമളാനെ പരിഗണിക്കുന്ന മാര്‍ഗങ്ങളും വ്യത്യാസപ്പെടുകയാണിന്ന്.
റമളാനില്‍ ഭക്ഷണമൊഴിവാക്കുന്നത് ഇബാദത്തിനു കൂടുതല്‍ ഉന്മേഷം പകരുമെന്ന് ഇവര്‍ മനസ്സിലാക്കണം. ഭക്ഷണം കൂടുതല്‍ കഴിച്ചാല്‍ ഉറക്കവും ആലസ്യവും മനുഷ്യനെ പിടികൂടും. പിന്നെ അവനു ഫര്‍ളു പോലും ചെയ്യാന്‍ മടിയായിരിക്കും. ആരോഗ്യപ്രശ്നങ്ങളും അവനു തലവേദനയാകും. മറ്റുള്ളവര്‍ നശിച്ചു പോകുന്ന പണത്തെ സമ്പാദിച്ച് പരലോകം വിറ്റുതുലക്കുകയാണ്. അങ്ങാടിയില്‍ എന്തിന് പള്ളിയില്‍ പോലും സംസാരിച്ച് സമയം കളയുന്നവര്‍ നിരവധിയാണിന്ന്.

പ്രവാചക തിരുമേനിയും സ്വഹാബത്തും സ്വാലിഹീങ്ങളും കാണിച്ചു തന്ന മാര്‍ഗമാണ് നാം സ്വീകരിക്കേണ്ടത്. നബി റമളാനില്‍ മറ്റുമാസങ്ങളേക്കാള്‍ കൂടുതലായി ഇബാദതില്‍ മുഴുകുമായിരുന്നു. ഇബാദത്തെടുക്കുമ്പോഴും ആ സമയത്തും പ്രതിഫലത്തിലും ബറകത് സമ്മേളിക്കും അത്യധികം അസുലഭ മൂഹൂര്‍ത്തങ്ങളുമായി കടന്നു വരുന്ന പരിശുദ്ധ റമളാനില്‍ അവര്‍ ചെയ്തതു പോലെ ചെയ്യാന്‍ മുന്നിട്ടിറങ്ങാന്‍ നാം മുന്നോട്ടു വരണം. ലൈലതുല്‍ ഖദര്‍ പ്രത്യേകം ബറകതുള്ള രാത്രിയാണ്. മലക്കുകള്‍ ഭൂമിയെ വലയം ചെയ്യുന്ന രാത്രി. ആ രാത്രിയില്‍ നാം കൂടുതല്‍ കര്‍മ്മങ്ങളില്‍ മുഴുകണം.
ധര്‍മ്മങ്ങളുടെ മാസവുമാണ് റമളാന്‍. പാപമോചനവും നരകമോചനവും അല്ലാഹു മനുഷ്യനു നല്‍കുന്ന ധര്‍മ്മമാണ്. മനുഷ്യര്‍ക്കിടയില്‍ തുല്യതയും നീതിയും അടിമകളോടു കാണിക്കുന്ന കാരുണ്യവും വിശക്കുന്നവന് വിശപ്പകറ്റലും മനുഷ്യര്‍ക്കിടയിലുള്ള ധര്‍മ്മങ്ങളാണ്. മഹാന്മാര്‍ ആറുമാസക്കാലം റമളാൻ വരാന്‍ ദുആ ചെയ്യുകയും അടുത്ത ആറുമാസം റമളാനും സല്‍കര്‍മ്മങ്ങളും സ്വീകരിക്കപ്പെടാന്‍ ദുആ ചെയ്യുന്നവരായിരുന്നു.

ശരീരത്തിനു കൂടുതല്‍ പ്രയാസമുണ്ടാക്കുന്ന നോമ്പിന് പകരമായി ആ പ്രയാസങ്ങള്‍ കണക്കിലെടുത്ത് സ്വര്‍ഗമാണ് പ്രതിഫലമായി അല്ലാഹു വാഗ്ദാനം ചെയ്തത്. ആ പ്രതിഫലങ്ങളിലേക്കായിരിക്കണം പ്രയാസങ്ങളില്‍ വേദനിക്കുന്നതിന് പകരം നമ്മുടെ കണ്ണുകള്‍ പായിക്കാൻ
ശ്രമിക്കേണ്ടത്.

Post a Comment

Previous Post Next Post

News

Breaking Posts