സൈനുദ്ദീന്‍ മഖ്ദൂം കബീർ | Zainuddin Makhdoom I




tonnalukal



     കേരളത്തില്‍ ഇസ്ലാമിക വൈജ്ഞാനിക മേഖലക്ക് വ്യക്തമായ കാഴ്ചപ്പാടും ദിശാബോധവും കൈവരുന്നത് സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ വരവോടെയാണ്. ഹിജ്റ 871 ശഅ്ബാന്‍ 12ന് പ്രഭാത സമയത്ത് കൊച്ചിയിലെ കൊച്ചങ്ങാടിയിലുള്ള മഖ്ദൂമിയ്യ ഭവനത്തിലാണ് മഹാനവര്‍കളുടെ ജനനം. അബൂയഹ്യ സൈനുദ്ദീന്‍ ബിന്‍ ശൈഖ് അലി ബിന്‍ ശൈഖ് അഹ്മദ് അല്‍മഅ്ബരി എന്നാണ് പൂര്‍ണനാമം. മഅ്ബര്‍ എന്ന സ്ഥലത്തേക്ക് ചേര്‍ത്തിയാണ് അല്‍മഅ്രി എന്നു വിളിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ തീരത്ത് തമിഴ്നാട്ടിലെ കായല്‍പട്ടണത്തിന് തെക്ക്വശം ശ്രീലങ്കക്കഭിമുഖമായി കിടക്കുന്ന പ്രദേശമാണ് മഅ്ബര്‍ എന്നറിയപ്പെടുന്നത്. ഇപ്പോള്‍ കോറാമണ്ഡല്‍ എന്നറിയപ്പെടും. ദക്ഷിണ യമനില്‍ നിന്നും കുടിയേറിപ്പാര്‍ത്ത മഖ്ദൂമിന്‍റെ പിതാമഹന്മാരിലൊരാള്‍ മഅ്ബറിലാണ് താമസമുറപ്പിച്ചത്. മറ്റൊരാള്‍ കായല്‍പട്ടണത്തും. ഹിജ്റ ആറാം നൂറ്റാണ്ടിലാണ് ഇവര്‍ യമനില്‍ നിന്നു കുടിയേറിയതെന്നു കരുതുന്നു. മഹാനവര്‍കള്‍ ജനിച്ച വീട് ഇന്നൊരു പ്രാഥമിക മദ്രസയായി അവിടത്തെ സ്മരണ നിലനിര്‍ത്തി നിലകൊള്ളുന്നു. തന്‍റെ പിതൃവ്യനും പൊന്നാനി ഖാളിയും മഹാപണ്ഡിതനുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ ബിന്‍ അഹ്മദുല്‍ മഅ്ബരി പൊന്നാനിയിലേക്കു കൊണ്ടുപോയി. ഔദ്യോഗിക പഠനമാരംഭിക്കുന്നത് അവിടെ വെച്ചാണ്. ഖുര്‍ആന്‍ മനപാഠമാക്കുകയും തഫ്സീര്‍, സ്വര്‍ഫ് നഹ്വ്, ഫിഖ്ഹ് തുടങ്ങിയ വിഷയങ്ങള്‍ പിതൃവ്യനില്‍ നിന്നു തന്നെ കരസ്ഥമാക്കുകയും ചെയ്തു. 
അല്ലാമാ അഹ്മദ് ശിഹാബുദ്ധീന്‍ ബിന്‍ ഉസ്മാന്‍ ബിന്‍ അബില്‍ ഹില്ലില്‍ യമനില്‍ നിന്ന് ഹദീസിലും ഫിഖ്ഹിലും അവഗാഹം നേടി. ഇല്‍മുല്‍ ഫറാഇളിലെ ഖാഫിയയും അദ്ദേഹത്തില്‍ നിന്നാണ് പഠിച്ചത്. ഏഴ് വര്‍ഷേത്തോളം കോഴിക്കോട് താമസിച്ച് പ്രമുഖ പണ്ഡിതനായ ഖാളി റമളാനുശ്ശാലിയാത്തിയുടെ പുത്രനും കോഴിക്കോട് ഖാളിയുമായിരുന്ന ഖാളി അബൂബക്കര്‍ ഫഖ്റുദ്ദീനില്‍ നിന്നാണ് ശൈഖ് സൈനുദ്ദീന്‍ ഫിഖ്ഹിലും ഉസൂലുല്‍ ഫിഖ്ഹിലും വിജ്ഞാനം കരസ്ഥമാക്കിയത്. ഹദീസ് പഠനവും ഹദീസ് രിവായത്ത് ചെയ്യാനുള്ള അധികാരവും നേടിയത് ഈജിപ്തുകാരനായ ഖാളി അബ്ദുറഹ്മാന്‍ അദമിയില്‍ നിന്നാണ്. 

കൃത്യമായ ജീവിതക്രമമായിരുന്നു മഹാന്‍ പുലര്‍ത്തിയിരുന്നത്. അതി
സൂക്ഷ്മവും അനുകരണയീവുമായ അവിടുത്തെ ജീവിതം ചെറിയ തെറ്റുകള്‍ പോലും കാണാന്‍ സാധിക്കാത്ത വിധത്തിലുള്ളതായിരുന്നു. സമയം കൃത്യമായി വിഭജിച്ച് ചിട്ടപ്പെടുത്തുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു. കോഴിക്കോട് അബൂബക്കര്‍ ഫഖ്റുദ്ദീന്‍(റ)ന്‍റെ ദര്‍സിലെ പഠനത്തിനു ശേഷം മക്കയിലേക്കു പുറപ്പെട്ടു. വിശുദ്ധ ഹറമിലെ ഉന്നത പണ്ഡിത കേസരികളുമായ ബന്ധം മഹാന്‍റെ ജീവിതത്തിനും വിജ്ഞാനത്തിനും കൂടുതല്‍ ഉണര്‍വേകുകയുണ്ടായി. തുടര്‍ന്ന് ഈജിപ്തിലെ അല്‍അസ്ഹര്‍ യൂണിവേഴ്സിറ്റി ലക്ഷ്യമാക്കി യാത്രതിരിച്ചു. മലബാറില്‍ നിന്ന് ആദ്യമായി അല്‍അസ്ഹറില്‍ ചേരുന്ന പണ്ഡിതനെന്ന ബഹുമതിക്കും ഈ യാത്ര കാരണമായി. ഇമാം ജമാലുദ്ദീനുസ്സുയൂത്വി(മ.911), ഇമാം സയ്യിദ് അബൂബക്കര്‍ അല്‍ഹള്റമി (മ.918), ഇമാം സയ്യിദ് അബൂബക്കര്‍ അല്‍ഹൈദറൂസി (മ.914), ഇമാം ഹാഫിളു മുഹമ്മദ്സ്സഖാവി(മ. 902), ഇമാം അഹ്മദ്ബിന്‍ ഷംസുദ്ദീനുത്തന്ദാവി(മ.948), ഇമാം അബ്ദുറഹ്മാന്‍ ബിന്‍ അലി അല്‍മകൂദി(മ.901) തുടങ്ങിയ മഹാന്മാരെയെല്ലാം സന്ദര്‍ശിക്കുകയും ധാരാളം അറിവ് നുകരുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്തു. അറേബ്യയിലെയും ഈജിപ്തിലെയും പഠനകാലത്ത് നിരവധി പ്രശസ്തരായ പണ്ഡിതന്മാര്‍ കൂടെയുണ്ടായിട്ടുണ്ട്. ഇമാം ബദറുദ്ദീനുസ്സുയൂഫി, ഇമാം നൂറുദ്ദീനുല്‍ മഹല്ലി, കമാലുദ്ദീനുദ്ദിമിശ്ഖി തുടങ്ങിയവര്‍ ചിലരാണ്. 

ദീര്‍ഘകാലത്തെ വിദേശ പഠനത്തിനു ശേഷം പൊന്നാനിയില്‍ തിരിച്ചെത്തുകയും ചെറിയ പള്ളിയില്‍ ആരാധനകളുമായി കഴിഞ്ഞിരുന്ന സാധാരണക്കാര്‍ക്കു മുന്നില്‍ വൈജ്ഞാനിക മേഖലക്കു തുടക്കം കുറിക്കുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു. പൊന്നാനി ചെറിയ പള്ളിയെ വലിയ ജുമുഅത്ത് പള്ളിയാക്കിയത് ഇതിന്‍റെ ആദ്യ സംരഭമായിരുന്നു. അങ്ങിനെ ജനങ്ങള്‍ ഖാളിയായി നിയമിക്കുകയും തങ്ങളുടെ ആത്മീയ നേതൃത്വം മഖ്ദൂമിനെ ഏല്പിക്കുകയും ചെയ്തു. 
അഗതികളെയും അനാഥകളെയും സഹായിക്കാനും സംരക്ഷിക്കുവാനും സമയം കണ്ടെത്തിയിരുന്ന മഹാനവര്‍കള്‍ സാധാരണക്കാരന്‍റെ ഭൗതികവും ആത്മീയവുമായ പ്രശ്നങ്ങളുടെ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. പുത്തനാശയക്കാരോട് കടുത്ത എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ചിട്ടയും അടുക്കുമുള്ള ആ ജീവിതത്തില്‍ ആകൃഷ്ടരായി നിരവധിയാളുകള്‍ ഇസ്ലാം ആÇേഷിക്കുകയുണ്ടായി. 

രചനകള്‍

മുര്‍ശിദുത്തുല്ലാബ്

കേരളത്തില്‍ ഈ കൃതി വളരെ പ്രചാരം സൃഷ്ടിച്ചതാണ്. 14,15 ശതകങ്ങളിലുണ്ടായ കൂട്ട മതപരിവര്‍ത്തനം കേരളത്തില്‍ മതത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കിയ സാഹചര്യത്തില്‍ മതത്തിന്‍റെ നിയമങ്ങളും അനുഷ്ഠാനങ്ങളും ജനങ്ങളിലേക്ക് എത്തിക്കേണ്ട കര്‍ത്തവ്യം ഉടലെടുത്തപ്പോള്‍ പ്രസംഗങ്ങളും പ്രഭാഷണങ്ങളും പോലെയുള്ള പുതിയ പ്രബോധന രീതി ആവശ്യമായി വരികയും ചെയ്തു. പണ്ഡിതന്മാര്‍ ഗ്രന്ഥനകളില്‍ മുഴുകി. ഈയിനത്തില്‍ ആദ്യത്തേതാണ് മുര്‍ശിദുത്തുല്ലാബ്. ലളിതമായി, നന്നായി ക്രോഢീകരിക്കപ്പെട്ടതാണീ ഗ്രന്ഥം. 
500 സംവത്സരങ്ങള്‍ക്കു മുന്പ് രചിക്കപ്പെട്ട ഈ കൃതി 21 അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഈമാന്‍, പ്രാര്‍ത്ഥന, സകാത്ത്, വ്രതം, പലിശ, അനീതി, വഞ്ചന, ചതി, മോഷണം, അനാഥ സ്വത്തിന്‍റെ സംരക്ഷണം, സല്‍സ്വഭാവം, സ്ത്രീകളുടെ സാമൂഹ്യ പദവി, മാതാപിതാക്കളോടുള്ള കടമ, കുടുംബ ബന്ധങ്ങള്‍, ജിഹാദ്, പ്രവചനങ്ങളുടെ അയഥാര്‍ഥ്യത, വ്യഭിചാരം, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപോയഗം, നാവുണ്ടാക്കുന്ന അപകടങ്ങള്‍, ദേഹേഛകളെ ധിക്കരിക്കല്‍, അനുതാപം തുടങ്ങിയവയാണ് അധ്യായങ്ങള്‍. ഖുര്‍ആനിലെയും ഹദീസിലെയും പ്രസക്തമായവ വ്യക്തമാക്കുകയും പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ നിരത്തുകയും ചെയ്തിട്ടുണ്ട്. ആകെ 650 വചനങ്ങള്‍ ഉദ്ധരിച്ചിരിക്കുന്നു. ഏറെയും സിഹാഹുസ്സിത്തയിലേതാണ്. അനുയോജ്യമായ സ്ഥലങ്ങളില്‍ അറബിയിലെ മഹത്തായ, മനോഹരങ്ങളായ കാവ്യശകലങ്ങളും ചേര്‍ത്തിട്ടുണ്ട്.കരിന്പനക്കല്‍ മുഹമ്മദ് കുട്ടി മുസ്ലിയാരുടെ ""മുഅല്ലിമു ഉലില്‍ അല്‍ബാബ്'' ഇതിന്‍റെ വ്യാഖ്യാനമാണ്. മൗലാനാ മുഹമ്മദ് മുഹ്യിദ്ദീനുല്‍ ഖാഹിരി എഴുതിയ മറ്റൊരു പൊന്നാനി പള്ളിയില്‍ ഇതിന്‍റെ കോപ്പി ഇന്നും കാണാം. 


സിറാജുല്‍ ഖുലൂബ് വ ഇലാജു ദുനൂബ്


ഗ്രന്ഥകത്തിന്‍റെ പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ അല്ലാഹുവിനെ അനുസരിക്കുന്നവരായിരിക്കുവാന്‍ ഉദ്ബോധിപ്പിക്കുന്ന, പാപത്തിന്‍റെ മോക്ഷത്തിനു പരിഹാരമാകുന്ന കാര്യങ്ങളെ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും വെളിച്ചത്തില്‍ വ്യക്തമാക്കുന്നതുമായ ഗ്രന്ഥമാണിത്. ഗ്രന്ഥകര്‍ത്താവിന്‍റെ തന്നെ കൃതിയായ ഹിദായത്തുല്‍ അദ്കിയ തന്നെയാണിത് എന്ന നിഗമനത്തിലേക്കാണ് സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നത്. പ്രസ്തുത ഗ്രന്ഥത്തിന്‍റെ ഒരു ദ്രവിച്ച കൈയെഴുത്തു പ്രതി ചാലിയത്തെ അഹ്മദ് കോയയുടെ ഗ്രന്ഥശാലയിലുണ്ട്. ഈ ഗ്രന്ഥത്തിന്‍റെ വേറെ കോപ്പികള്‍ ലഭ്യവുമല്ല. കര്‍ത്താവിന്‍റെ പേര് ഗ്രന്ഥത്തിലെവിടെയും രേഖപ്പെടുത്തിയിട്ടില്ല. 

ദിക്റുല്‍ മൗത്


നന്മകള്‍ കൊണ്ട് ജീവിതം ധന്യമാക്കി മരണത്തെ സന്തോഷത്തോടെ വരവേല്‍ക്കാന്‍ വിശ്വാസിയെ സജ്ജമാക്കുന്ന ഒരു കൊച്ചു കൃതിയാണിത്. ഓരോ അധ്യായവും ആയതുകളും ഹദീസുകളും കൊണ്ട് തുടങ്ങുന്നു. ശേഷം ഗ്രന്ഥകര്‍ത്താവിന്‍റെ വിശദീകരണവും നല്‍കുന്നു. ഉദാഹരണങ്ങളായി സംഭവങ്ങളും ചേര്‍ത്തിട്ടുണ്ട്. സന്പത്തും സന്താനങ്ങളും ദൈവസ്മരണക്ക് വിഘാതമാകുന്നതെങ്ങിനെ?, പതിനൊന്നാം മണിക്കൂറിലെ പശ്ചാത്താപം, മരണത്തിന്‍റെ വേദന, അന്ത്യദിനത്തിന്‍റെ അടയാളങ്ങള്‍, കാഹളത്തില്‍ ഊതല്‍, പ്രവാചകന്‍റെ ശിപാര്‍ശ, സ്വര്‍ഗ്ഗവും നരകവും, സ്വര്‍ഗകന്യകകള്‍ തുടങ്ങി 16 അധ്യായങ്ങളാണ് ഈ കൃതി ഉള്‍ക്കൊള്ളുന്നത്. ഈ ഗ്രന്ഥം ഇര്‍ശാദുല്‍ ഇബാദ് എന്ന കൃതിയോടൊപ്പം ഈജിപ്തില്‍ നിന്നു പലതവണ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ഈ ഗ്രന്ഥത്തിന്‍റെ കര്‍തൃത്വം അബ്ദുല്‍ അസീസുല്‍ മഅ്ബരിയുടെ(994/1586) പേരിലാണെന്നും അഭിപ്രായമുണ്ട്. 

ശുഅബുല്‍ ഈമാന്‍


ഇമാം ബൈഹഖിയുടെ ശുഅബുല്‍ ഈമാന്‍ എന്ന ബൃഹത് ഗ്രന്ഥത്തിന്‍റെ സംക്ഷിപ്ത രൂപമാണിത്. ശുഅബുല്‍ ഈമാന്‍ എന്ന ഗ്രന്ഥവും അതിന്‍റെ പേര്‍ഷ്യന്‍ പതിപ്പും വായിച്ചപ്പോഴാണ് ഇത്തരത്തിലുള്ള ഒരു തോന്നലുണ്ടായതെന്ന് ഗ്രന്ഥകാരന്‍ പറയുന്നുണ്ട്. വിശ്വാസം കര്‍മ്മങ്ങളില്‍, വിശ്വാസം മനസ്സില്‍, വിശ്വാസം സോപാധികം തുടങ്ങിയ അധ്യായങ്ങള്‍ ഇതില്‍ വിവരിക്കുന്നു. ഒരു ശരാശരി പണ്ഡിതന് വളരെ ഉപകാരപ്പെടുന്ന ഈ കൃതിയില്‍ ഖര്‍ആന്‍ സൂക്തങ്ങളും ഹദീസ് വചനങ്ങളും കൊടുത്ത് ആധികാരികത വര്‍ധിപ്പിക്കുന്നു. 

തഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദതിസ്സ്വുല്‍ബാന്‍
മുസ്ലിംകള്‍ക്കെതിരെ പോര്‍ച്ചുഗീസുകാര്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ക്ക് സൈനുദ്ദീന്‍ മഖ്ദൂം സാക്ഷിയായിരുന്നു. പോര്‍ച്ചുഗീസിന്‍റെ കിരാതപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള സഹായാഭ്യാര്‍ത്ഥനയുമായി മുസ്ലിം ഭരണാധികാരികള്‍ക്ക് ഇദ്ദേഹം നിരന്തരം കത്തുകളെഴുതി. ധീരമായി പോരാടാന്‍ മുസ്ലിംകളോട് നിരന്തരം ആഹ്വാനം ചെയ്തു. ഈ ആഹ്വാനമാണ് ""തഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദതിസ്സ്വുല്‍ബാന്‍'' എന്ന നീണ്ട കവിതാ ഗ്രന്ഥം. 
പ്രാസ നിബന്ധമായി 173 വരികളുള്ള ഈ കവിത, അല്ലാഹുവിനെ സ്തുതിച്ചും മുഹമ്മദ് നബിക്കു വേണ്ടി പ്രാര്‍ത്ഥിച്ചും പോരാട്ടത്തിലേര്‍പ്പെടുന്ന മുസ്ലിംകള്‍ക്ക് അക്രമത്തില്‍ നിന്നു രക്ഷ ലഭിക്കുവാനുള്ള ദൈവസഹായം തേടിയുമാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് മുഖ്യ പ്രമേയമായ പോര്‍ച്ചുഗീസുകാരന്‍റെ അക്രമങ്ങളെ തുറന്നു കാട്ടുന്നു. ഖുര്‍ആന്‍ പ്രതികള്‍ നശിപ്പിക്കുക, മുസ്ലിംകളെ ബന്ധിയാക്കുക, കുരിശിനു മുന്നില്‍ വണങ്ങാന്‍ നിര്‍ബന്ധക്കുക, പള്ളികള്‍ കത്തിക്കുക, മുസ്ലിം നഗരങ്ങള്‍ തകര്‍ക്കുക, മക്കയിലേക്കുള്ള തീര്‍ത്ഥാടനം നിരോധിക്കുക, സ്ത്രീകളുടെ ചാരിത്ര്യം കവര്‍ന്നെടുക്കുക, പ്രവാചകനെ നിന്ദിക്കുക, തുടങ്ങിയവ പോര്‍ച്ചുഗീസുകാരുടെ മര്‍ദ്ദനങ്ങളില്‍ പെടുന്നു. ഇതിനെതിരെ ജിഹാദ് നടത്തേണ്ട ആവശ്യകതയാണ് പിന്നീട് പറയുന്നത്. ജിഹാദിലേര്‍പ്പെടുന്നവര്‍ക്ക് ധ്യൈം നല്‍കുകയും വിട്ടുനില്‍ക്കുന്നവരെ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്നു. പോര്‍ച്ചുഗീസുകാരുമായി ചങ്ങാത്തം കൂടി ചാരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ അധിക്ഷേപിക്കുകയും ഇസ്റാഈല്‍ വംശത്തിന്‍റെ ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും നന്മയുടെ പാതയില്‍ അടിയുറച്ചു നില്‍ക്കാനുമാണ് അവസാനഭഗത്ത് ഉണര്‍ത്തുന്നത്. 
മുസ്ലിം പണ്ഡിതന്മാര്‍ കാണിച്ചിരുന്ന സാമൂഹിക പ്രതിബദ്ധത എന്നും നിസ്തുല്യമാണ്. പക്ഷെ, ചരിത്രത്തെ അപഗ്രഥിച്ചെഴുതുന്ന പലരും മുസ്ലിം ഇടപെടലുകളെ അറിയാതെ പോവുകയോ അറിഞ്ഞില്ലെന്ന് നടിക്കുകയോ ആണ് ചെയ്യുന്നത്. അതുകൊണ്ടാണ് ചരിത്രത്താളുകളില്‍ മുസ്ലിം മഹാമനീഷികളുടെ പേരു കാണാതെ പോകുന്നതും. ഉണ്ടെങ്കില്‍ തന്നെ പലതരത്തിലുള്ള വളച്ചൊടിക്കലുകള്‍ക്കും വിധേയമാക്കുകയുമാണു ചെയ്യുന്നത്. ഇത്തരം വികല ചിത്രങ്ങള്‍ക്കെതിരെയുള്ള സുപ്രധാന രേഖകളില്‍ പെട്ടതാണ് ഈ കാവ്യഗ്രന്ഥം. അഹ്മദ് സൈനുദ്ദീന്‍റെ തുഹ്ഫയുടെ ആധികാരികത വിദേശ പണ്ഡിതര്‍ വരെ അംഗീകരിച്ചതാണ്. തഹ്രീളിന്‍റെ ഉള്ളടക്കമാവട്ടെ തികച്ചും തുഹ്ഫയോട് യോജിക്കുകയും ചെയ്യുന്നു. ഇതും തഹ്രീദിന്‍റെ ആധികാരികത വര്‍ധിപ്പിക്കുന്നു. മാത്രമല്ല, സൈനുദ്ദീനു ബ്നു അലിക്ക് 85വര്‍ഷങ്ങള്‍ക്കു ശേഷം മരിച്ച അഹ്മദ് സൈനുദ്ദീന്‍ തുഹ്ഫയെഴുതാനാവാശ്യമായ പല വിവരങ്ങളും കടമെടുത്തിരിക്കുന്നത് തഹ്രീദില്‍ നിന്നാണ്. മറ്റൊരു കവിയായ ഖാദി മുഹമ്മദ്ബ്നു അബ്ദില്‍ അസീസും(1025/1606)തഹ്രീദില്‍ നിന്ന് ഉദ്ധരണം നടത്തിയിട്ടുണ്ട്. 

ഹിദായത്തുല്‍ അദ്കിയ ഇലാ ത്വരീഖതില്‍ ഔലിയ


അദ്കിയ ഒരു സൂഫീ കവിതയാണ്. മനുഷ്യ മനസ്സുകളെ തെറ്റുകളില്‍ നിന്നും മാറ്റി നിര്‍ത്തി യഥാര്‍ത്ഥ സത്യപാന്ഥാവിലേക്ക് കൈപിടിക്കാന്‍ അദ്കിയയിലെ ആശയങ്ങള്‍ ധാരാളമാണ്. മനുഷ്യന്‍റെ ഭൗതികതയോടുള്ള ആര്‍ത്തിയാണ് അവന്‍റെ പ്രയാസങ്ങള്‍ക്കുള്ള പ്രധാന കാരണം. ഭൗതികതയോടുള്ള വിരക്തി മനുഷ്യനെ സമാധാനത്തിലേക്ക് നയിക്കുന്നു. 
യഥാര്‍ത്ഥ മാര്‍ഗ്ഗം അത് ശരീഅത്ത്, ഹഖീഖത്ത്, ത്വരീഖത്ത് എന്നിവ കൂടിച്ചേര്‍ന്നതാണ്. മൂന്നും പരസ്പര പൂരകങ്ങള്‍, ഒന്ന് ഒഴിച്ചു നിര്‍ത്തിയാല്‍ യഥാര്‍ത്ഥ മാര്‍ഗ്ഗം കരഗതമാക്കാന്‍ കഴിയില്ല. ശരീഅത്ത് ഒരു കപ്പലായും ത്വരീഖത്ത് ഒരു കടലായും ഹഖീഖത്ത് രത്നമായും സൈനുദ്ദീന്‍ മഖ്ദൂം ഉദാഹരിക്കുന്നുണ്ട്. ശരീഅത്താകുന്ന കപ്പലില്‍ സഞ്ചരിച്ച് ത്വരീഖതാകുന്ന കടലിലൂടെ ഹഖീഖത്താകുന്ന മുത്ത് കരസ്ഥമാക്കാം. മത നിയമങ്ങള്‍ മുറുകെ പിടിച്ച് നന്മ ഉള്‍ക്കൊള്ളുകയും തിന്മ നിരാകരിക്കുകയും ചെയ്യണമെന്നാണ് ശരീഅത്ത് അനുശാസിക്കുന്നത്. ആഗ്രഹങ്ങളില്‍ നിന്ന് മുക്തി നേടി ആത്മനിയന്ത്രണം കൈവരിച്ച് അല്ലാഹുവിലേക്ക് അടുക്കുക എന്നതാണ് ത്വരീഖത്ത്. ഹഖീഖത് ലക്ഷ്യപ്രാപ്തിയാണ്. 
അദ്കിയ മനുഷ്യനുണ്ടാകേണ്ടുന്ന ഒന്പതു ഗുണങ്ങളെ എടുത്തു പറയുന്നുണ്ട്. ഓരോ അധ്യായങ്ങളും ഈ ഗുണങ്ങള്‍ക്കനുസരിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്. അനുതാപം, സംതൃപ്തി, പരിത്യാഗം, മതവിജ്ഞാനം, നബിചര്യയുടെ കര്‍ശനമായ അനുധാവനം, ആത്മാര്‍ത്ഥത, ഏകാന്ത ജീവിതം, കൃത്യനിഷ്ഠമായ പ്രാര്‍ത്ഥന, ശേഷം ഭക്ഷണം കഴിക്കന്പോഴുള്ള മര്യാദകളും വിവരിക്കുന്നു. 
ഇന്ത്യക്കു പുറമേ വിദേശരാജ്യങ്ങളിലും വിശ്വപ്രസിദ്ധമാണ് ഈ ഗ്രന്ഥം. മഹത്തുക്കളായ പണ്ഡിതരും മുതഅല്ലിമുകളും ഇന്നും ഓതിപ്പോരുന്ന കിതാബായി മാറാന്‍ അദ്കിയക്കായി എന്നതു തന്നെ ആ ഗ്രന്ഥത്തിന്‍റെ മഹത്വം അറിയിക്കുന്നു. ഈ കൃതിക്ക് ജാവക്കാരനായ മുഹമ്മദ് നവവി സലാസിമുല്‍ ഫുളലാഅ് എന്ന പേരില്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ദിംയാത്വിലെ അബൂബക്കര്‍ ഷാ എഴുതിയ കിഫായതുല്‍ അത്ഖിയ ഇതിന്‍റെ മറ്റൊരു വ്യാഖ്യാനമാണ്. രണ്ടും ഈജിപ്തില്‍ നിന്ന് പലതവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മസ്ലകുല്‍ അത്ഖിയാഅ് എന്ന പേരില്‍ പുത്രനായ അബ്ദുല്‍ അസീസുല്‍ മഅ്ബരി ഒരു വ്യാഖ്യാന ഗ്രന്ഥമെഴുതിയിട്ടുണ്ട്. ഇര്‍ശാദുല്‍ അലിബ്ബാഅ് എന്ന പേരില്‍ അതിന്നൊരു സംഗ്രഹവും അദ്ദേഹം എഴുതിയിട്ടുണ്ട്. 

മന്‍ഖൂസ് മൗലിദ്


കേരളത്തിലെ ജനങ്ങള്‍ രോഗം കൊണ്ട് ബുദ്ധിമുട്ടിയ സന്ദര്‍ഭത്തില്‍ മഹാനായ സൈനുദ്ദീന്‍ മഖ്ദൂമിനെ സമീപിച്ച് ആവലാതി ബോധിപ്പിച്ചു. ആ സന്ദര്‍ഭത്തില്‍ മഹാനവര്‍കള്‍ പ്രതിവിധിയായി എഴുതിക്കൊടുത്തതാണ് മന്‍ഖൂസ് മൗലിദ്. വളരെ പ്രശസ്തമായ ഈ മൗലിദ് ഇന്നും കേരളീയര്‍ ഓതിപ്പോരുന്നുണ്ട്. 
റസൂല്‍(സ)യുടെ നൂറെ അന്‍വര്‍ ആണ് ആദം നബിയേക്കാള്‍ മുന്പ് സൃഷ്ടിക്കപ്പെട്ടത്. ആ നൂര്‍ പ്രവാചകരിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നതിനെ കുറിച്ചും തുടങ്ങുന്ന മന്‍ഖൂസ് മൗലിദ് സ്വന്തം രക്ഷിതാക്കളേക്കാള്‍ വാത്സല്യകനിയാണ് തിരുറസൂലെന്നും അന്ത്യനാളില്‍ ശിപാര്‍ശ ചെയ്യാനും സഹായം ചോദിക്കുന്ന ഈ മൗലിദിനെതിരെ വഹാബികള്‍ നിരവധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മന്‍ഖൂസ് മൗലിദിന് മലയാളത്തിലും നിരവധി വ്യാഖ്യാനങ്ങള്‍ ലഭ്യമാണ്.
ശംസുല്‍ഹുദാ, തുഹ്ഫത്തുല്‍ അഹിബ്ബാഅ്, ഇര്‍ശാദുല്‍ ഖാസിദീന്‍, കിഫായത്തുല്‍ ഫറാഇള്, ഖാളി ഇയാളിന്‍റെ ശിഫായുടെ സംക്ഷിപ്തമായ അസ്സഫാഉ മിനശ്ശിഫാ, തഹ്ലീലുല്‍ കാഫിയ, ദാവൂദ് നബി (അ)വരെയുള്ള പ്രവാചകന്മരുടെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഖസസുല്‍ അന്പിയ, നബി ചരിത്രമായ സീറതുന്നബി, കാവ്യഗ്രന്ഥങ്ങളായ ഹിദായത്തുല്‍ അദ്കിയ, അല്‍ഖസീദതു ഫീമായൂരിസുല്‍ ബറക, അല്‍ഖസീദതുല്‍ ജിഹാദിയ്യ(പോര്‍ച്ചുഗീസുകാര്‍ രാജ്യം കീഴടക്കിയ സന്ദര്‍ഭത്തില്‍ അവര്‍ക്കെതിരെ സംഘടിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളത്)തുടങ്ങിയ ഒട്ടനവധി സംഭാവനകള്‍ അവിടുത്തെ തൂലികയില്‍ നിന്നും വിരചിതമായതാണ്. 

വിയോഗം


ശൈഖ് ഉസ്മാന്‍, പുത്രനും ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെ പിതാവുമായ ശൈഖ് മുഹമ്മദുല്‍ ഗസ്സാലി, അബ്ദുല്‍ അസീസ് മഖ്ദൂം, ഖാളി ശിഹാബുദ്ധീന്‍ അഹ്മദ് തുടങ്ങിയ ശിഷ്യ പ്രധാനികളെ വാര്‍ത്തെടുത്ത ആ മഹാ പണ്ഡിതന്‍ വഫാതായത് ഹിജ്റ 928 ശഅ്ബാന്‍ 16 വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷമായിരുന്നു. പൊന്നാനി ജുമുഅത്ത് പള്ളിയുടെ മുന്‍വശത്ത് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു. വിദ്യാര്‍ത്ഥികളും സാധാരണക്കാരും പണ്ഡിതരുമായി അനേകമാളുകള്‍ ദൈനംദിനം സിയാറത്ത് ചെയ്യുന്ന കേന്ദ്രമാണവിടം.

Post a Comment

Previous Post Next Post

News

Breaking Posts